![](https://mmo.aiircdn.com/265/63037a4d6f210.jpeg)
അടുത്ത 50 വർഷത്തിനുള്ളിൽ യു എ ഇ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്നു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
51-ആം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ യു എ ഇ. അടുത്ത 50 വർഷത്തിനുള്ളിൽ യു എ ഇ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്നു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. രാജ്യം എപ്പോഴും സമാധാനത്തിന്റെ നിർമ്മാതാവായി തുടരുമെന്നും ലോകത്തിന്റെ നന്മകൾ ലക്ഷ്യമാക്കിയുള്ള എല്ലാ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം , സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുകയും ദാരിദ്ര്യത്തിനെതിരായ പോരാട്ടം തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നിർദ്ദേശമനുസരിച്ചു യു എ ഇ മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.ദേശീയ ദിനത്തോടനുബന്ധിച്ചു വിവിധ എമിറേറ്റുകളിൽ ആഘോഷപരിപാടികളും അരങ്ങേറും.
ദേശീയ ദിന ഷോ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുകയും രാജ്യത്തെ 50 ലധികം വേദികളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. എക്സ്പോ സിറ്റി ദുബായ്, ഹത്ത ഡാം, ഖസർ അൽ ഹൊസ്ൻ എന്നിവിടങ്ങളിൽ പ്രത്യേക ഷോ ഉണ്ടായിരിക്കും. വൈകുന്നേരം 6 മണിക്ക് പരിപാടികൾ ആരംഭിക്കും. ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, ലിവ ഫെസ്റ്റിവൽ, ദി ഫൗണ്ടേഴ്സ് മെമ്മോറിയൽ, മജ്ലിസ് അബുദാബി എന്നിവയുൾപ്പെടെ അബുദാബി സിറ്റി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലും പ്രദർശനങ്ങൾ ഉണ്ടായിരിക്കും. ദേശീയ ദിനം ആഘോഷിക്കുന്ന യു എ ഇയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ടാണ് ഇന്നത്തെ ഡൂഡിൽ.