![](https://mm.aiircdn.com/526/5e1425132d7ff.png)
ഏപ്രിൽ 17 വരെയുള്ള സർവീസുകളുടെ കളക്ഷനെടുത്താൻ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്.
അടുത്തിടെ ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസിന് വൻ സ്വീകാര്യത. ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് സ്വിഫ്റ്റ് ബസ് നേടിയത്. ഏപ്രിൽ 11 നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചത്. ഏപ്രിൽ 17 വരെയുള്ള സർവീസുകളുടെ കളക്ഷനെടുത്താൻ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്. ബംഗളൂരുവിലേക്കുള്ള സർവീസുകളാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്.
ദീർഘദൂര സർവീസുകൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ലിമിറ്റഡ്. പുതിയ സംരംഭത്തിന്റെ ഭാഗമായി 8 എസി സ്ലീപ്പർ വോൾവോ ബസുകളും 20 എസി പ്രീമിയം സീറ്റർ ബസുകളും 88 നോൺ എസി ഡീലക്സ് ബസുകളും ഉൾപ്പെടെ116 ബസുകൾ അനുവദിച്ചു. കൂടാതെ ഈ വർഷം തന്നെ 50 ഇലക്ട്രിക് ബസുകളും 310 സിഎൻജി ബസുകളും കൂടി അനുവദിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.
മറ്റ് ബസ് സർവീസുകളെ അപേക്ഷിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസിന്റെ ടിക്കറ്റ് നിരക്ക് കുറവാണ്. ബംഗളൂരുവിലേക്ക് പ്രൈവറ്റ് ബസുകൾ 3999 രൂപ വാങ്ങുമ്പോൾ കെഎസ്ആർടിസി സ്വിഫ്റ്റ് ഈടാക്കുന്നത് 3100 രൂപയാണ്.